Purappaad Poem by Drkgbalakrishnan Kandangath

Purappaad

പുറപ്പാടിനുള്ള ഒരുക്കം കാതോര്‍ക്കാം




ഡോ.കെ.ജി.ബാലകൃഷ്ണന്‍
സരോവരത്തിന്‍റെ പാതാളത്തിലേക്ക്
വലിച്ചുതാഴ്ത്തുന്ന തോണി.
അമ്മ പണ്ട് പറഞ്ഞുതന്നു:
അവിടെ ഭൂതത്താനുണ്ട്
വെള്ളാട്ടുംകുളത്തിന്‍റെ
ഉള്ളറയില്‍ കുഞ്ഞലകള്‍
നിശ്ശബ്ദതയ്ക്ക്
ധ്രുവതാളമിട്ട്.

ഇളംകാറ്റ്
ചുണ്ടനക്കമായി
വേദസൂക്തം ഉരുവിട്ട്.

എന്‍റെ കൊതുന്പ് വള്ളം
അറിയാക്കയത്തിലേയ്ക്ക്
ആഴ്ന്നാഴ്ന്ന്.


അന്നത്തിനായി ആകാശക്കുതിപ്പ്.

പുഴ;
ആഴിയുടെ
ആഴങ്ങളില്‍
അഭയം.

അവിടെ
നീലത്തിമിംഗലം;
അച്ഛന്‍ പറഞ്ഞു-
ആനവിഴുങ്ങി.

ഒരു പക്ഷെ,
ഒളിച്ചിരിപ്പുണ്ടാകാം
അവന്‍ - അവന്‍; ഒന്നാന്തരം
വെടിക്കോപ്പുകള്‍
അവിടെ സൂക്ഷിപ്പുണ്ടാകാം.

തിര,
ഒന്നുമറിയാതെ,
(പണ്ടേപ്പോലെ)
ചുരുള്‍ നിവര്‍ന്ന്‌
ജലജാലവിദ്യയുടെ
നിമിഷപ്പഴക്കം
ഏഴാമിദ്രിയമായ്,
ജന്യരാഗങ്ങളുടെ
മൌനതാളങ്ങള്‍
വിരചിച്ച്.

എനിക്ക് മിണ്ടാട്ടം മുട്ടിയതല്ല.
ഉള്ളില്‍, ഉള്ളിനുള്ളില്‍ മുഴക്കത്തിന്‍റെ
സാന്ദ്രമൌനം.
റിക്ടര്‍ സ്കൈല്‍ ഉയര്‍ന്നുയര്‍ന്ന്
ലാവ തിളച്ചുമറിഞ്ഞ്.

നിമിഷത്തുടര്‍ച്ചയില്‍ പ്ലാങ്ക് സമയത്തോളം
പഴുതിനു കണ്‍പാര്‍ത്ത്
ബലരാശികളുടെ കൂട്ടപ്പെരുക്കത്തിന്.

ഒരായിരം ഹിരോഷിമയുടെ വിശ്വരൂപം
കാഴ്ചശീവേലി കാത്ത്.

പൂരം, മേളം, കൊട്ടിക്കയറ്റം.
വെടിക്കെട്ട്, നക്ഷത്രപ്പൂക്കള്‍.

ഒരുപക്ഷെ, സര്‍വം കത്തിയമരും.
അപ്പോഴും, അഗ്നിപ്പൂക്കള്‍ വിടരും.

പുറപ്പാടിനുള്ള ഒരുക്കം കാതോര്‍ക്കാം, -
അനക്കം.

Tuesday, March 11, 2014
Topic(s) of this poem: art
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success