കിഴക്കൻ കാറ്റ് Poem by Madathil Rajendran Nair

കിഴക്കൻ കാറ്റ്

ആരോ പറഞ്ഞു
കിഴക്കൻ കാറ്റിന്നലെ രാത്രിയിൽ തുടങ്ങീ പോൽ
ഞാനറിഞ്ഞീല ഗാഢമാം സുഷുപ്തിയിൽ


പടിഞ്ഞാറോട്ടുനോക്കി നിന്നു
തെങ്ങുകൾ‍ ഞാനുണർന്നപ്പോൾ
പാടിച്ചിരിച്ചു കരിമ്പനകൾ
കമ്പിതഗാനാവലി
ശൈശവം മുതൽ ഞാനറിയുന്നൊരു താളം
മുത്തശ്ശിമാരുടെ യക്ഷിക്കഥകൾ
അതുകേട്ടൊളിമിന്നും കുട്ടിക്കണ്ണുകൾ
മണ്ണെണ്ണ വിളക്കുകൾ ചുവരിൽ വരക്കും നിഴലുകൾ‍
മുഷിഞ്ഞ കിടക്കകൾ അവയിലുറങ്ങും കിടാങ്ങളും
ദൂരെ കാത്തുകിതക്കും തീവണ്ടിവിലാപങ്ങൾ
ക്രൂരമാം അലിയാത്തോരുരുക്കു പാളങ്ങളിൽ


കിഴക്കൻ കാറ്റ് അർദ്ധരാത്രിയിൽ‍ തുടങ്ങീ പോൽ‍
ഞാനറിയാതെ, എൻറെ ഗാഢമാമുറക്കത്തിൽ
ആകാശങ്ങളെ മുത്തും ഗോപുരനിബിഡമാം
കിഴക്കനമ്പലങ്ങളുടെ ധൂമഗന്ധങ്ങളേറെപ്പേറി
മുല്ല ചമ്പക തുളസീദള കർപ്പൂര നിശ്വാസങ്ങൾ
ദ്രാവിഡഭൂതകാലമാസ്മരമണിനാദം
വംഗസാഗരം പാടിത്തിമർക്കുമാഹ്ളാദങ്ങൾ
സഹ്യസാനുക്കൾ തെക്കുവടക്കു മതിൽ‍കെട്ടി
കാക്കുന്നൊരെനൻറെ പാലക്കാടിൻറെ ചുരത്തൂടെ


കിഴക്കൻ‍ സമീരണാ! ഞങ്ങടെ മലനാടിൻ
ബാലവാടികയിലേക്കയക്കൂ നിൻറെ
വെള്ളിമേഘങ്ങളാം കുറുമ്പൻ കിടാങ്ങളെ
അവരിവിടെക്കളിച്ചാടട്ടെ അവിരാമം
ദിവസം മുഴുവനും സാമോദം
അത് കണ്ടാഹ്ളാദിച്ചെൻ ദിവസം തെളിയട്ടെ

This is a translation of the poem East Wind by Madathil Rajendran Nair
Wednesday, December 11, 2019
Topic(s) of this poem: nature
POET'S NOTES ABOUT THE POEM
Translation of poem "East Wind"
COMMENTS OF THE POEM
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success